Sunday, 24 January 2016

ഒരു കാര്‍ഡിനല്‍ ഡയറിക്കുറിപ്പ്‌! :)

പുതിയ വാട്സപ്പ്‌ ഗ്രൂപ്പുകള്‍ പഴയ ഓര്‍മകളെ മാടി വിളിക്കുന്നു... എഴുത്തുകാരന്‍ അല്ലെങ്കിലും നമ്മള്‍ തന്നെ എഴുതിയത് പിന്നീട് വായിക്കുമ്പോ രസമാണ് എന്ന് മനസ്സിലായത് കൊണ്ട് എഴുതുന്നു എന്ന് മാത്രം...

കാര്‍ഡിനല്‍ സ്കൂള്‍ വിട്ടു ഇറങ്ങിയിട്ട് ഏകദേശം 18 കൊല്ലങ്ങള്‍ ആകുന്നു. എന്ത് കൊണ്ടോ, അതിനു ശേഷം ആ ക്യാമ്പസില്‍ കയറിയതായി ഓര്‍മയില്ല. ഞങ്ങള്‍ പോയതിനു ശേഷം +2 വന്നു, സ്കൂളിന്‍റെ പേര് ഹയര്‍ സെക്കണ്ടറി എന്നായി... കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വാഭാവികം എന്ന പോലെ പല ടീച്ചര്‍മാരും അവിടെ നിന്ന് പോയി, പലരും റിട്ടയര്‍ ചെയ്തു. എന്നിരുന്നാലും 'കാര്‍ഡിനല്‍' എന്ന ആ പേര് കേള്‍ക്കുമ്പോ മനസ്സിലേക്ക് വരുന്ന ഓര്‍മകളില്‍ എന്നും അവരൊക്കെ തന്നെ ആയിരിക്കും ഉണ്ടാവുക.

എന്തോ, ഒരുപാട് ഓര്‍മ്മകള്‍ ഒന്നും എന്‍റെ മനസ്സിലില്ല. ഹരീഷിന്‍റെ പോലെ മൂന്നാം ക്ലാസ്സില്‍ വെച്ച് ടീച്ചറുടെ അടി മേടിച്ചത് വരെ അത് മേടിച്ചു തന്നവരെ വരെ എല്ലാം നന്നായി ഓര്‍ക്കുന്നുമില്ല. :)  പക്ഷെ, അധികപേരെയും പോലെ, ചില കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ ഇങ്ങനെ തങ്ങി നില്‍ക്കുമല്ലോ... ഓര്‍മ്മകള്‍ തന്നവനും, ശേഷം ആ ഓര്‍മകള്‍ക്കും നന്ദി...

എന്‍റെത് ഒരു മീഡിയം ക്ലാസ്സ്‌ ഫാമിലി ആയിരുന്നു, കേരളത്തിലെ അധികം വരുന്ന ആള്‍ക്കാരെയും പോലെ. അത് കൊണ്ട് തന്നെ അന്നത്തെ ഫീസ്‌ കൂടിയ മറ്റു സ്കൂളുകളില്‍ പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പടച്ചവന്‍ സഹായിച്ച് ആ വിഷമം തോന്നാത്ത രീതിയില്‍ തന്നെ ഭാവി മാറി. ഉടയവന് നന്ദി. സ്കൂളും, പ്രീ ഡിഗ്രിയും, ശേഷം എഞ്ചിനീയറിങ്ങും ഒക്കെ കേരളത്തില്‍ തന്നെ പഠിക്കാന്‍ പറ്റി. പിന്നീട് ജോലിയുമായി ബിസി ആവുകയും, കുറച്ചു കൂടി കഴിഞ്ഞപ്പോ വിവാഹവും ശേഷം കുടുംബവുമായും ബിസി ആയി. ഐ ടി പഠിച്ച്, സ്വാഭാവികമായി ഐ ടി എഞ്ചിനീയര്‍ ആയി.

നാട്ടില്‍ ജോലി ചെയ്യുന്ന ഇതു സോഫ്റ്റ്‌വെയര്‍കാരനേയും പോലെ നിന്ന് തിരിയാന്‍ സമയം കിട്ടാതെ ഓടി നടന്നു. ജോലി ദിവസങ്ങളില്‍ അധികവും, അത് കൊണ്ട് തന്നെ ആയുസ്സിന്‍റെ ഒരു നല്ല ഭാഗവും ജോലിയും ഓഫീസും തന്നെ. മക്കളെ തന്നെ ഒന്ന് നേരെ ചൊവ്വേ കാണുന്നത് ഇപ്പഴാണെന്ന് തോന്നണു, അത് ഇവിടെ സൗദിയില്‍ വന്ന ശേഷം. നാട്ടിലെ ജോലിയും ഇവിടത്തെ ജോലിയും തമ്മില്‍ നല്ല വ്യത്യാസം ഉണ്ട്. രണ്ടിലും നല്ലതും ചീത്തയും ഉണ്ടെന്നത് സത്യം തന്നെ. നാട്ടില്‍ എല്ലാം ഒരു അടുക്കും ചിട്ടയോടും കൂടി ചെയ്യുമ്പോ, ഇവിടെ അധികവും ഒരു കുത്തഴിഞ്ഞ മാതിരിയാ തോന്നാറ്. ദുബായിയൊക്കെ കുറേക്കൂടി process oriented ആണെന്ന് മനസ്സിലാക്കുന്നു. ഒരുപക്ഷെ സൗദിയിലെ ഒരു ഗവണ്മെന്റ് ഓഫീസില്‍ ആയതു കൊണ്ട് കൂടിയാകാം എനിക്ക് ഇങ്ങനെ തോന്നുന്നത്. പറഞ്ഞ് പറഞ്ഞ് വഴി മാരിപ്പോകുന്നോ! :)

പറഞ്ഞ് വന്നത്, ഇങ്ങനെയൊക്കെ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാ പെട്ടെന്നൊരു ദിവസം ഒരു ഗ്രൂപിലേക്ക് add ചെയ്യപ്പെടുന്നത്. നോക്കിയപ്പോ നമ്മുടെ പഴയ കാര്‍ഡിനല്‍ ഫ്രെണ്ട്സ്! അതും 10-18 കൊല്ലങ്ങള്‍ക്ക് ശേഷം! നമ്മുടെ 98 ബാച്ച്. ഹരീഷും ദാസനും മെയിന്‍ കൊണാണ്ടര്‍മാര്‍. കൃഷ്ണന്‍ ആദ്യം നല്ല ഉഷാറായിരുന്നു, പിന്നെ പതിയെ മുങ്ങിയെന്ന് തോന്നുന്നു, എന്നാലും ഇടക്കിടക്ക് വന്ന് ഓരോ ഡോസ് കൊടുത്തിട്ട് പോകുന്നുണ്ട് :)

പണ്ട് സ്കൂളില്‍ പഠിക്കുമ്പോ പോലും കാര്യമായി സംസാരിക്കാന്‍ പറ്റിയിട്ടില്ലാത്ത പലരും ഇവിടെ സൈബര്‍ ലോകത്തെ പുതിയ വാതായനങ്ങള്‍ തുറന്നപ്പോ ഒരു പരിചയക്കുറവുമില്ലാതെ വാ തോരാതെ സംസാരിക്കുന്നു. അതിനിടക്ക് ആരോ പറഞ്ഞ പോലെ, പലരും ആരാ ഏതാ എന്ന് പോലും തിരക്കാതെ അറിയാന്‍ ശ്രമിക്കാതെ തന്നെ പണ്ടത്തെ ആ സ്പിരിറ്റിന്റെ പേരില്‍ തകര്‍ത്ത് സംസാരിക്കുന്നു, സംസാരിച്ചു മുന്നേറുന്നു. എന്തായാലും എല്ലാരുമായും ഒരേ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന പോലെ. ആളെ അറിയാതെ ചാറ്റ് ചെയ്യുന്ന പഴയ ചാറ്റ് റൂമുകളെക്കാള്‍ ഇത് തന്നെയാണ് സംതൃപ്തി തരിക. നമ്മള്‍ അറിയുന്നവര്‍, പണ്ട് നമ്മുടെ കൂടെ പഠിച്ച, നടന്ന, കളിച്ച കൂട്ടുകാര്‍... ബൈജു, നാസര്‍, മനേഷ്, അലി, സിനോജ്, വസന്ത്, നവീന്‍, ബാബു, അന്‍വര്‍, അജിത്‌, റിയാസ്, അന്ഷാദ്, അങ്ങനെ അങ്ങനെ പലരും ഉണ്ട് അവിടെ... ചിലര്‍ ഇടക്ക് വരുന്നു പോകുന്നു. എന്തായാലും എല്ലാവരും ഒരേ മുറിയില്‍ സൗകര്യം അനുസരിച്ച് മെസ്സേജുകള്‍ അടിച്ച് വിട്ടു കൊണ്ടേയിരിക്കുന്നു... :)

അങ്ങനെയിരിക്കെ ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ 17 or 18 ജാനുവരി 2016. സ്കൂളില്‍ ഒരു അലൂംനിയുടെ വക get together. അതിന്‍റെ ഭാഗമായി ഒരു പുതിയ ഗ്രൂപ്പും! സെയിം 98 ബാച്ച്. പക്ഷെ, കണ്ടെത്തിയ കുറച്ച് പുതിയ പഴയ മുഖങ്ങളെ കൂടി കൂട്ടിച്ചേര്‍ത്തു. ലോകത്തിന്‍റെ പല ഭാഗത്ത്‌ നിന്നായി അവരെല്ലാം മനസ്സ് തുറന്നു. പലരും കല്യാണം ഒക്കെ കഴിഞ്ഞു ഇന്ത്യയിലും പുറത്തും ഒക്കെ പലയിടങ്ങളിലായി തിരക്കിട്ട ജീവിതത്തില്‍ ആയിരുന്നു. ഈ പുതിയ ഗ്രൂപ്പ് ഒരു ആവേശം പോലെയായി പലര്‍ക്കും. എന്നും പുതിയ പുതിയ പഴയ ചങ്ങാതിമാരെ പരിചയപ്പെടാനും അവരുടെ വാര്‍ത്തകള്‍ കേള്‍ക്കാനുമായി മൊബൈലില്‍ തുറിച്ചു നോക്കാന്‍ സമയം കണ്ടെത്തുന്നു. ആ ആവേശം തന്നെയാണ് സ്പിരിറ്റ്‌! രേഖ, ഇന്ദുലേഖ, രതീഷ്‌, അഖിലശ്രീ, സിമി, രെഞ്ചിനി, അനസ്, സ്മിത, അസ്കര്‍, അങ്ങനെ പലരും അവരവരുടെ സമയം അനുസരിച്ച് timezone തെറ്റാതെ അവസരത്തിന് കാത്തു നില്‍ക്കാതെ ഈ മെസ്സേജുകളുടെ മാലപ്പടക്കത്തിനിടയില്‍ അവരവരുടെ ചെറിയ ചെറിയ പടക്കങ്ങള്‍ പൊട്ടിച്ചു മുന്നേറുന്നു.

തമാശകളും കാര്യങ്ങളും പറഞ്ഞ് അങ്ങനെ ആ പഴയ കാലത്തേക്ക് ഒന്നൂളിയിട്ട്‌ നോക്കാന്‍ അവരവരുടെ ജീവിതത്തിലെ കുറച്ച് നിമിഷങ്ങളെങ്കിലും ഇവരൊക്കെ മാറ്റി വെക്കുന്നു. പലരുടെയും മനസ്സില്‍ ഒരു ഒരുമിച്ചു കൂടലിന്‍റെ സ്വപ്‌നങ്ങള്‍ തത്തിക്കളിക്കുന്നുണ്ട്... അത് കണ്ടിരുന്ന് കാണാം. എന്നിരുന്നാലും, ഈ സൈബര്‍ ലോകത്തെ ഒരുമിച്ചു കൂടല്‍ ഒരു മുതല്‍ക്കൂട്ടാകും എന്ന് സംശയിക്കേണ്ട. ആ പഴയ കാലം മനസ്സിനുള്ളിലെങ്കിലും തിരിച്ചു കൊണ്ട് വരുമ്പോ മനസ്സിന് പ്രായം നന്നേ കുറയുന്ന പോലെ... വീണ്ടും ആ പതിനഞ്ചിലേക്ക്... എല്ലാവര്‍ക്കും നന്ദി... ഈ നല്ല നിമിഷങ്ങള്‍ക്ക്... ആ ഓര്‍മകള്‍ക്ക്... അത് മനസ്സിന്‍റെ മൂലകളില്‍ നിന്നും പോടി തട്ടിയെടുക്കാന്‍ സഹായിച്ചതിന്... ഇതിലൂടെ പലതും മറന്നു പോയത് തിരികെ ഓര്‍മയില്‍ വരുമെന്ന് കരുതാം. ഓര്‍മ വരുമ്പോള്‍ എന്തെങ്കിലും ഇത് പോലെ കുത്തിക്കുറിക്കാം, നാളെകള്‍ക്കായി...

നമ്മള്‍ക്ക് സംസാരിച്ചു കൊണ്ടേയിരിക്കാം... കഴിയുന്നിടത്തോളം... കാരണം ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം... :)

No comments:

Post a Comment

നന്ദിയുണ്ട് ട്ടോ! :)

"I am a very busy person"

Syed often says this... that "I am a very busy person, and I have more work". Not going into the words much, but with the tone and...