Source: WhatsApp
വിവാഹാനന്തര ജീവിതത്തില്‍ സ്രഷ്ടാവ് കനിഞ്ഞ് നല്‍കുന്ന മഹാ അനുഗ്രഹങ്ങളില്‍ ഒന്നാണ് സന്താനങ്ങള്‍. സന്താന സൗഭാഗ്യം ജീവിത സാഫല്യമായാണ് ദമ്പതികള്‍ കരുതുന്നത്. എന്നാല്‍, ഈ സൗഭാഗ്യം സമ്പൂര്‍ണമാകുന്നത് സന്താനങ്ങൾ സദ്‌വൃത്തരാകുന്നതോടു കൂടിയാണ്. സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്തി, സന്തോഷം നല്‍കുന്ന സന്താനങ്ങള്‍ സത്യവിശ്വാസിയുടെ എക്കാലത്തെയും സ്വപ്നമാണ്. “ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഇണകളിലൂടെയും സന്താനങ്ങളിലൂടെയും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കേണമേ. ഞങ്ങളെ നീ ഭക്തരുടെ നായകരാക്കണേ…” എന്ന പ്രാര്‍ത്ഥന സുകൃത ദാസന്മാരുടെ അടയാളമായി വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു.
നീണ്ട സംവത്സരങ്ങള്‍ സന്താന സൗഭാഗ്യം നിഷേധിക്കപ്പെട്ട് പരീക്ഷണ വിധേയരായ ഹസ്റത് ഇബ്റാഹീം(അ)ഉം, സകരിയ്യ(അ)ഉം ദുഃഖവും വേദനയും കടിച്ചിറക്കി നടത്തിയ പ്രാര്‍ത്ഥനയിലും സദ്വൃത്തരായ സന്താനങ്ങളെയാണ് ചോദിച്ചിരുന്നത്. “എന്റെ രക്ഷിതാവേ, സ്വാലിഹീങ്ങളില്‍പെട്ട ഒരു സന്താനത്തെ എനിക്ക് നീ നല്‍കേണമേ” (സ്വാഫ്ഫാത്: 100) എന്ന് ഇബ്റാഹീം നബിയും, “എന്റെ നാഥാ! നിന്റെ ഭാഗത്തുനിന്നുള്ള പരിശുദ്ധനായ ഒരു സന്താനത്തെ എനിക്ക് നീ കനിഞ്ഞ് നല്‍കേണമേ! തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്” (ആലുഇംറാന്‍: 38) എന്ന് സകരിയ്യ(അ) ഉം ദുആ ചെയ്തു.
കുട്ടികള്‍ നാളെയുടെ പ്രതീക്ഷകളാണ്. അവരുടെ ഉന്നതിയിലാണ് ഭാവിസമൂഹത്തിന്റെ പുരോഗതിയും വളര്‍ച്ചയും. അവര്‍ ദുഷിക്കുന്നിടത്ത് സമൂഹത്തിന്റെ സുസ്ഥിതി നഷ്ടപ്പെടുകയും, രാജ്യത്ത് അരക്ഷിതാവസ്ഥ രൂപപ്പെടുകയും ചെയ്യും. അതുകൊണ്ട് വളര്‍ന്ന് വരുന്ന മക്കളെ നന്മയിലേക്ക് ദിശാബോധം നല്‍കുകയും ഇസ്ലാമിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവരാക്കി വളര്‍ത്തുകയും ചെയ്യല്‍ രക്ഷിതാക്കള്‍ ഗൗരവത്തോടെ കാണേണ്ട ബാധ്യതയാണ്. എങ്കില്‍ നമ്മുടെ മക്കള്‍, നമുക്കും രാജ്യത്തിനും സമൂഹത്തിനും ഉപകരിക്കുകയും സംസ്കാര സമ്പന്നമായ സമൂഹസൃഷ്ടി സാധ്യമാവുകയും ചെയ്യും.
മാതാപിതാക്കള്‍ക്ക് ഭൗതിക ജീവിതത്തില്‍ നയനാനന്ദവും സ്നേഹ-ബഹുമാന-സംരക്ഷണങ്ങളും, മരണശേഷം പ്രാര്‍ത്ഥനയും, പരലോകത്ത് ശുപാര്‍ശയും ലഭിക്കുന്ന സ്വാലിഹായ സന്താനത്തേക്കാള്‍ വലിയ ഭാഗ്യം മറ്റെന്തുണ്ട്? അതേസമയം, ജീവിത സായാഹ്നത്തില്‍ വൃദ്ധസദനങ്ങളും, അവഗണനയും സമ്മാനിച്ച് കുടുംബത്തോടൊപ്പം വിദേശങ്ങളില്‍ ആഢംബര ജീവിതം നയിക്കുന്നവരും, മരണത്തോടെ മറക്കുന്നവരുമായ ദുര്‍വൃത്തരായ മക്കള്‍ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. സദ്വൃത്ത സന്താനത്തെ സ്വപ്നം കാണുന്നവര്‍ വിവാഹത്തിന് മുമ്പുതന്നെ അതിനുള്ള ശ്രമങ്ങളാരംഭിക്കണം. മാതാപിതാക്കള്‍ സ്വയം നന്നാവലാണ് അതില്‍ പ്രഥമവും പ്രധാനവും.
ഏതൊരു കുട്ടിയുടെയും ശോഭനമായ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകങ്ങള്‍ പാരമ്പര്യവും പരിസരവുമാണ്. പാരമ്പര്യം നമുക്ക് സൃഷ്ടിക്കാന്‍ കഴിയുന്നതല്ല. ജന്മസിദ്ധമായ ഗുണങ്ങളാണവ. അതായത്, ജനനകോശങ്ങളിലെ ക്രോമസോമുകളിലടങ്ങിയ ജീനുകള്‍ വഴി മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക് സംക്രമിക്കുന്ന സ്വഭാവഗുണങ്ങള്‍.
ജീനുകള്‍ വഴി ജനിതാക്കളില്‍ നിന്ന് സന്താനങ്ങളിലേക്ക് സല്‍ഗുണങ്ങള്‍ സംക്രമിക്കണമെങ്കില്‍ അവര്‍ സല്‍ഗുണ സമ്പന്നരും മതനിഷ്ഠ പുലര്‍ത്തുന്നവരുമായിരിക്കണം. അതുകൊണ്ടാണ്, വിവാഹ ജീവിതത്തിലേക്ക് പാദമൂന്നുന്നവരോട് “ദീനുള്ളവളെ വിവാഹം ചെയ്ത് നീ വിജയം വരിക്കുക” എന്നും, “ദീനും സദ്സ്വഭാവവുംകൊണ്ട് സംതൃപ്തമായ ഒരാള്‍ മകളെ വിവാഹാന്വേഷണം നടത്തിയാല്‍ അവന് നിങ്ങള്‍ കെട്ടിച്ച് കൊടുക്കുക. അല്ലെങ്കില്‍ ഭൂമിയില്‍ അത് വലിയ നാശഹേതുവാകും” എന്ന് രക്ഷിതാക്കളോടും തിരുനബി(സ്വ) ഉപദേശിക്കുന്നത്. “വിത്തുഗുണം പത്ത് ഗുണം” എന്ന പഴമൊഴിയുടെ പൊരുള്‍ ഇവിടെ പ്രസ്താവ്യമാണ്. കൃഷി നന്നാവാന്‍ കതിരില്‍ വളമിട്ടാല്‍ പോര. വിത്തിറക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കണം.
ഫലഭൂയിഷ്ഠമായ ഭൂമിയില്‍ നല്ല വിത്തിറക്കുമ്പോള്‍ വിളവ് സമൃദ്ധമാകുമെന്നാണ് ജനിതക ശാസ്ത്ര സിദ്ധാന്തം. “ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലുക” (അല്‍ബഖറ: 233) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന മേല്‍ സൂചിപ്പിക്കപ്പെട്ട വസ്തുക്കളുമായാണ് കൂട്ടി വായിക്കേണ്ടത്. പാരമ്പര്യമൊഴികെ വ്യക്തിയില്‍ സ്വാധീനം ചെലുത്തുന്നതെല്ലാം പരിസരമാണ്. കുട്ടികള്‍ക്ക് നാം നല്ല പരിസരം നല്‍കിയാല്‍ അവര്‍ നല്ലവരായും മറിച്ചായാല്‍ ദുഷിച്ചും വളരും. ‘എല്ലാ ശിശുക്കളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. പിന്നീട് അവരെ ജൂതരും കൃസ്ത്യാനിയും മജൂസിയുമാക്കുന്നത് അവന്റെ മാതാപിതാക്കളാണ്’ (പരിസരമാണ്) എന്ന തിരുവചനം പരിസരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഗര്‍ഭാശയം, വീട്, വിദ്യാലയം എന്നിങ്ങനെ പരിസരത്തിന്റെ പട്ടിക വളരെ നീണ്ടതാണ്.
ശിശുവിന്റെ ആദ്യപരിസരമാണ് മാതാവിന്റെ ഗര്‍ഭാശയം. പുരുഷ ബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച് ഭ്രൂണം രൂപപ്പെടുന്നതോടെ ഗര്‍ഭഘട്ടം ആരംഭിക്കുന്നു. നാലാം മാസത്തില്‍ അത് വളരാന്‍ തുടങ്ങിയതു മുതല്‍ക്കുള്ള ഗര്‍ഭകാല ജീവിതം മാതാവിനെ സംബന്ധിച്ചിടത്തോളം നല്ല ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമായ സമയങ്ങളാണ്. മാതാവിന്റെ ആരോഗ്യവും അനാരോഗ്യവും വികാര വിചാരങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരവും ബുദ്ധിപരവുമായ വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മാതാവ് ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കഴിക്കുകയും, സന്തോഷകരമായ മാനസികാവസ്ഥ നിലനിറുത്തുകയും, ആത്മീയ ചിന്തയിലും ദിക്റ്-ദുആയിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിഞ്ഞുകൂടുകയും ചെയ്താല്‍ ജനിക്കുന്ന കുട്ടിയുടെ ആരോഗ്യകരവും ബുദ്ധിപരവും ആത്മീയവുമായ പുരോഗതിയ്ക്ക് നിമിത്തങ്ങളാകും.
ജനിച്ച ഉടനെ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമതും കൊടുക്കല്‍, കാരക്ക കൊണ്ടോ മറ്റോ ഒരു സ്വാലിഹിന്റെ കൈകൊണ്ട് മധുരം നല്‍കല്‍, ഏഴാം ദിവസം അഖീഖ അറുക്കല്‍, നല്ല പേര് വിളിക്കല്‍, മുടി കളയല്‍ എന്നീ കാര്യങ്ങള്‍ സന്താന പരിപാലനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട തിരുചര്യകളാണ്. മുഹമ്മദ് നബി(സ്വ)യുടെയോ മറ്റ് മഹാന്മാരുടെയോ പേരിടല്‍ അവരുടെ ബറകതുകൊണ്ട് സന്താനങ്ങള്‍ നന്നായിത്തീരാന്‍ കാരണമാകും. നിരര്‍ത്ഥക നാമങ്ങളും തെറ്റായ അര്‍ത്ഥമുള്ള പേരുകളും പിന്നീട് കുട്ടിയെ ആത്മീയമായും മാനസികമായും തളര്‍ത്തും.
ശിശു വികസനത്തില്‍ ഗൃഹാന്തരീക്ഷം പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട്, കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ശ്രദ്ധിച്ച് നല്ല നിലയില്‍ വളരാനുള്ള സാഹചര്യങ്ങള്‍ വീടുകളില്‍ നാം ഒരുക്കണം. ശൈശവ ഘട്ടത്തില്‍ തന്നെ നല്ല ശ്രദ്ധ വേണം. കുട്ടികളുടെ പഞ്ചേന്ദ്രിയങ്ങള്‍ വികസിക്കുകയും പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നത് ഈ പ്രായത്തിലാണ്. അനുഭവങ്ങളില്‍ നിന്നും അനുകരണങ്ങളിലൂടെയും അവര്‍ പലതും പഠിച്ചെടുക്കുന്നതും ഈ ഘട്ടത്തിലാണ്. തങ്ങളുടെ ചുറ്റും കാണുന്ന പെരുമാറ്റ രീതികളാണ് കുട്ടികള്‍ നിരീക്ഷിക്കുന്നതും അനുകരിക്കുന്നതും. അവര്‍ക്ക് ലഭിക്കുന്ന മാതൃകകള്‍ വ്യക്തിത്വ വികാസത്തെ ഏറെ സ്വാധീനിക്കുന്നു.
കുട്ടികളുടെ ഏറ്റവും നല്ല മാതൃക സ്വന്തം മാതാപിതാക്കളാണ്. അതിനാല്‍, അനുകരണ യോഗ്യമായ കാര്യങ്ങളല്ലാതെ കുട്ടികളുടെ സാന്നിധ്യത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും ചെയ്യരുത്. സംസാരവും പെരുമാറ്റവും എല്ലാം അനുകരണീയമാകുകയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് നല്ല വഴിക്ക് ചലിക്കാനുള്ള പ്രചോദന കുട്ടികള്‍ക്ക് ലഭിക്കുകയും വേണം. സദാചാരവും ധര്‍മബോധവും സല്‍സ്വഭാവവും അച്ചടക്കവും ചെറുപ്പത്തില്‍ തന്നെ പരിചയപ്പെടുകയും അവ വ്യക്തിത്വത്തില്‍ ചാലിച്ച് ചേര്‍ക്കാനുള്ള അവസരങ്ങള്‍ കുട്ടികളുടെ പരിസരങ്ങളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യണം.
നബി(സ്വ) പറയുന്നു: “ഏറ്റവും നല്ല അച്ചടക്കത്തേക്കാള്‍ മികച്ചതൊന്നും ഒരു രക്ഷിതാവിന് തന്റെ സന്താനത്തിന് സമ്മാനിക്കാനാകില്ല” (തുര്‍മുദി).
കുട്ടികളില്‍ കണ്ടുവരുന്ന സ്വഭാവദൂശ്യങ്ങള്‍ പലതും മുതിര്‍ന്നവരില്‍നിന്ന് പകര്‍ന്നെടുക്കുന്നവയാണ്. മാതാപിതാക്കള്‍ പരസ്പരം കലഹിക്കുന്നവരും, തെറിയഭിഷേകം ചെയ്യുന്നവരുമാണെങ്കില്‍ ആ വീട്ടില്‍ വളരുന്ന കുട്ടികള്‍ക്ക് പിന്നെ തെറിവാക്കുകള്‍ക്ക് ഡിക്ഷ്ണറി പരതേണ്ടിവരില്ല. ചുരുക്കത്തില്‍, കുട്ടികള്‍ നമ്മെ നിരീക്ഷിക്കുന്നു, പഠിക്കുന്നു, പകര്‍ത്തുന്നു എന്ന ബോധം നമ്മില്‍ നിലനില്‍ക്കുകയും തതനുസൃതമായി നമ്മുടെ ഗൃഹാന്തരീക്ഷം ക്രമീകരിക്കുകയും, നാം സന്താനങ്ങള്‍ക്കുള്ള റോള്‍ മോഡലാവുകയും വേണം.
ശിശു പ്രകൃതിയെ സംബന്ധിച്ച് ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു: “കുട്ടി തന്റെ മാതാപിതാക്കളുടെ അടുക്കല്‍ അമാനത്താണ്. അവന്റെ പരിശുദ്ധ ഹൃദയം അമൂല്യവും എല്ലാ ചിത്രങ്ങളില്‍ നിന്നും ശൂന്യവും ലോലവും തെളിഞ്ഞതുമാണ്. ഏത് ചിത്രവും അത് സ്വീകരിക്കും. എവിടേക്കും ചായും. അവനെ നല്ലതു ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവന്‍ അങ്ങനെ വളരും. ഇഹത്തിലും പരത്തിലും അവന്‍ വിജയിക്കും. അവന്റെ മാതാപിതാക്കളും ഗുരുനാഥനും പ്രതിഫലത്തില്‍ പങ്കാളികളാകും. എന്നാല്‍, അവനെ ചീത്ത കാര്യങ്ങള്‍ ശീലിപ്പിക്കുകയും കാലികളെപ്പോലെ അവഗണിക്കുകയും ചെയ്താല്‍ അവന്‍ പരാജയപ്പെടുകയും നശിക്കുകയും ചെയ്യും. അതിന്റെ കുറ്റം അവന്റെ രക്ഷിതാക്കളുടെ പിരടിയിലുമായിരിക്കും” (ഇഹ്യ: 3/70).
പാഠശാലകളും കൂട്ടുകെട്ടുകളും കുട്ടികളുടെ വ്യക്തിത്വ വികാസത്തില്‍ അനല്‍പമായ സ്വാധീനം ചെലുത്തുന്നു. കുട്ടികള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് വിദ്യാലയങ്ങളിലും ക്ലാസ്റൂമുകളിലുമാണ്. അതിനാല്‍ വിജ്ഞാന സമ്പാദനത്തോടൊപ്പം നൈസര്‍ഗിക വാസനകളുടെ വികാസവും ആത്മീയ പുരോഗതിയും ഉറപ്പ് വരുത്തുന്ന വിദ്യാലയങ്ങള്‍ മക്കള്‍ക്ക് നാം തെരഞ്ഞെടുക്കണം. വിദ്യാലയങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളുടെ സംഗമവേദിയും കൂടിയായതുകൊണ്ട് സ്വഭാവ ദൂഷ്യങ്ങള്‍ പകരുന്നതിനെ സംബന്ധിച്ച് നാം സദാ ജാഗ്രത പുലര്‍ത്തണം. കൂട്ടുകെട്ടുകളിലൂടെയാണ് കുട്ടികള്‍ കൂടുതലും ദുശിച്ചുകൊണ്ടിരിക്കുന്നത്. മദ്യപാനം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ദുഃശ്ശീലങ്ങള്‍ കൂട്ടുകാരില്‍ നിന്നാണ് പകര്‍ന്നെടുക്കുന്നത്.
നബി(സ്വ) പ്രസ്താവിച്ചു: മനുഷ്യന്‍ അവന്റെ കൂട്ടുകാരന്റെ മതത്തിലാണ്. അതുകൊണ്ട് ആരോട് കൂട്ടുകൂടണമെന്ന് ഓരോരുത്തരും ചിന്തിച്ചുകൊള്ളട്ടെ” (അബൂദാവൂദ്).
പ്രായപൂര്‍ത്തിക്ക് മുമ്പുതന്നെ സന്താനങ്ങള്‍ക്ക് ആത്മീയ വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നല്‍കല്‍ രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധമാണ്. ഇഹപര വിജയമാണ് ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനാല്‍ ഇരുലോക വിജയത്തിനാവശ്യമായ എല്ലാ അറിവുകളും അവര്‍ക്ക് ലഭിക്കണം. “ഞങ്ങളുടെ രക്ഷിതാവേ, ഇഹത്തില്‍ ഞങ്ങള്‍ക്ക് നീ നന്മ നല്‍കേണമേ… പരത്തിലും നന്മ നല്‍കേണമേ… നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാക്കുമാറാകണേ…” എന്ന ആയത്തില്‍ നിന്നും ഇരു വിജ്ഞാനവും ആവശ്യമാണെന്ന് മനസ്സിലാക്കാം.
അതുപോലെ, സത്യവിശ്വാസം സംരക്ഷിക്കപ്പെടുന്നതിനും, ആരാധനകള്‍ സ്വീകരിക്കപ്പെടുന്നതിനും, സ്വഭാവം സംസ്കരിക്കപ്പെടുന്നതിനും ആവശ്യമായ ഇസ്ലാമിക ശരീഅത്തിന്റെ മുഴുവന്‍ വിജ്ഞാനവും സന്താനങ്ങള്‍ക്ക് നല്‍കണം. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാല്‍ സന്താനങ്ങളുടെ ഭാവി ഇരുളടയുകയും അവരുടെ ദുര്‍നടപ്പുകളുടെ തിക്തഫലം രക്ഷിതാക്കള്‍കൂടി അനുഭവിക്കേണ്ടിവരികയും ചെയ്യും.
അല്ലാഹു തആല പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ ശരീരവും കുടുംബങ്ങളുടെ ശരീരവും നിങ്ങള്‍ നരകത്തില്‍ നിന്ന് കാത്തുകൊള്ളുക” (അത്തഹ്രീം: 6).
ഈ വചനം വിശദീകരിച്ച് അലി(റ) പറഞ്ഞു: “നരകത്തില്‍ നിന്ന് കാത്തുസൂക്ഷിക്കുക എന്നതിനര്‍ത്ഥം വിജ്ഞാനം പഠിപ്പിക്കുകയും സംസ്കാരമുള്ളവരാക്കുകയും ചെയ്യലാണ്.”
ആത്മീയ വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം സമൂഹത്തില്‍ കുട്ടിക്കുറ്റവാളികള്‍ പെരുകുകയാണ്. പത്രകോളങ്ങളുടെ തലവാചകങ്ങള്‍ കുട്ടികള്‍ പിടിച്ചടക്കിക്കഴിഞ്ഞു. മദ്യ-മയക്കുമരുന്ന് ഉപയോഗത്തിലും ലൈംഗിക കുറ്റകൃത്യങ്ങളിലും മോഷണ-കൊലപാതക കേസുകളിലും കുരുന്നു മുഖങ്ങള്‍ അനവധിയാണ്. പിതാവിനെ കൊലചെയ്യുന്ന സന്താനങ്ങളും, ഒമ്പത് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്ന പതിമൂന്ന്കാരനും, ക്ലാസ്ടീച്ചറുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ബ്ലൂടൂത്ത് വഴി കൂട്ടുകാര്‍ക്ക് വിതരണം ചെയ്യുന്ന വിദ്യാര്‍ത്ഥിയും, ക്ലാസ്മുറിയിലെ കമ്പ്യൂട്ടര്‍ മോഷ്ടിക്കുന്നവരും ഇന്ന് വാര്‍ത്തതന്നെയല്ലാതെ മാറിക്കഴിഞ്ഞു.
ദൃശ്യശ്രാവ്യ മാധ്യമങ്ങളും കുട്ടികളുടെ അധോഗമനത്തിന് ആക്കം കൂട്ടുന്നുണ്ട്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാനും കേള്‍ക്കാനും പറ്റാത്ത അശ്ലീലതകളാണ് ഒട്ടനവധി ചാനലുകളിലൂടെ നമ്മുടെ അകത്തളങ്ങളില്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്. സിനിമ, സീരിയലുകളുടെ ഇതിവൃത്തം തന്നെ വാര്‍ത്ത-വിജ്ഞാനം-വിനോദം എന്നതില്‍ നിന്ന് മാറി പ്രേമവും പ്രണയവും, സ്റ്റണ്ടും സെക്സുമായി പരിണമിച്ചിരിക്കുകയാണ്. ഇതിന്റെയെല്ലാം അനുകരണനങ്ങളാണ് കുട്ടികളുടെ അപഥസഞ്ചാരങ്ങളില്‍ പ്രകടമാകുന്നത്.
നിരന്തരം ടെലിവിഷന്‍ വീക്ഷിക്കുന്ന കൗമാരക്കാര്‍ ലൈംഗികാഭാസങ്ങളിലെത്തുന്നു എന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍റ് ഹ്യൂമണ്‍ ഡവലപ്മെന്‍റ് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട് (മാധ്യമം, 2004 സപ്തംബര്‍: 14). ടെലിവിഷന്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ച് പുസ്തകമെഴുതിയ പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ജെറി മാന്‍ഡല്‍ പറയുന്നു: “നിരന്തരം ടി. വി. പരിപാടികള്‍ വീക്ഷിക്കുന്ന കുട്ടികളില്‍ ചില ശാരീരിക മാനസിക പ്രശ്നങ്ങള്‍ കണ്ടുവരുന്നു. അലസത, ക്ഷീണം, ഉന്മേഷക്കുറവ് മുതലായവ വര്‍ധിക്കും. സ്നേഹം, കാരുണ്യം, ക്ഷമാശീലം, വായന തുടങ്ങിയ നല്ല ഗുണങ്ങള്‍ അന്യമാകും. അയല്‍പക്ക-കുടുംബബന്ധങ്ങള്‍ കുറയുകയും ചെയ്യും.
സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ സിനിമാ സീരിയലുകളുടെ സ്വാധീനം അത്ര നിസ്സാരമല്ല. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ തലപ്പത്ത് ‘സിനിമാ സ്റ്റൈയില്‍’ എന്നൊരു പ്രയോഗം തന്നെ മീഡിയകള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ നടന്ന അതിവിദഗ്ധമായ ബാങ്ക് കവര്‍ച്ചയുടെ പ്ലാനിംഗ് ‘ധൂം’ എന്ന സിനിമയായിരുന്നു. നിലമ്പൂരിലെ ഒരു പാര്‍ട്ടി ഓഫീസില്‍ നടന്ന രാധ വധക്കേസിലും ബാലുശ്ശേരിയിലെ പ്രമുഖ പ്രവാസി വ്യവസായിയെ സ്വന്തം മക്കള്‍ കൊല ചെയ്ത കേസിലും തെളിവ് നശിപ്പിക്കാനുള്ള ബാലപാഠം പ്രതികള്‍ പഠിച്ചത് ‘ദൃശ്യം’ സിനിമയില്‍ നിന്നായിരുന്നു. അതുകൊണ്ട്, അനുകരണവും വീരാരാധനാ മനോഭാവവും കൂടുതല്‍ പ്രകടമാകുന്ന കൗമാര പ്രായത്തില്‍ കുട്ടികള്‍ ഇത്തരം വിനോദ ചാനലുകളുമായി ബന്ധപ്പെടുന്നത് രക്ഷിതാക്കളുടെ പൂര്‍ണ ശ്രദ്ധയിലും ഉത്തരവാദിത്തത്തിലുമായിരിക്കണം.
കുട്ടികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ഗഭ്രംശം സംഭവിക്കാന്‍ സാധ്യതയുള്ള കാലമാണ് കൗമാരം. മലീമസമായ സാമൂഹ്യാന്തരീക്ഷം, ചീത്ത കുട്ടുകെട്ടുകള്‍, ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവം, മാതാപിതാക്കളുടെ സ്നേഹവും പരിഗണനയും ലഭിക്കാതിരിക്കല്‍, അശ്ലീല സാഹിത്യങ്ങള്‍, ടി. വി-സിനിമ സീരിയലുകള്‍ എന്നിവയുടെ സ്വാധീനം കൂടുതലാണ്. ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കള്‍ കാര്യമായ ശ്രദ്ധ ചെലുത്തിയാല്‍ കൗമാരം കുറ്റമുക്തമാക്കാന്‍ കഴിയും.
എതിര്‍ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ പരസ്പരാകര്‍ഷണവും ലൈംഗിക വിചാരങ്ങളും ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. വികാരങ്ങളെ വിവേകം കൊണ്ട് കടിഞ്ഞാണിടാന്‍ മാത്രം ബുദ്ധി വികസിച്ചിട്ടില്ലാത്ത ഈ പ്രായത്തില്‍ അരുതായ്മകള്‍ അനവധി സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കുമാരി-കുമാരന്മാര്‍ തമ്മില്‍ ഇടകലരുന്നതും അടുത്തിടപഴകുന്നതും രക്ഷിതാക്കള്‍ സൂക്ഷിക്കണം. പത്ത് വയസ്സായാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മാറ്റിക്കിടത്തണമെന്നും, ഉറക്കറകളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും ഇസ്ലാം നിഷ്കര്‍ഷിച്ചത് പ്രസക്തമാണ്. സന്മാര്‍ഗ കഥകള്‍ പറഞ്ഞുകൊടുത്തും, മഹാന്മാരുടെ ചരിത്രങ്ങള്‍ വായിക്കാന്‍ അവസരം നല്‍കിയും, ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുത്തും കൗമാരത്തെ നേര്‍വഴിയിലേക്ക് തിരിക്കണം.
സാങ്കേതിക വിദ്യകളുടെ ദുരുപയോഗവും സന്താനങ്ങളുടെ ദുര്‍നടപ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. മനുഷ്യന്‍ ബന്ധപ്പെടുന്ന സര്‍വ മേഖലകളും അശ്ലീലവല്‍കരിച്ച് കഴിഞ്ഞ ജുഗുസാവഹമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. വിവരസാങ്കേതിക വിദ്യകളുടെ വിസ്മയാവഹമായ മുന്നേറ്റം മനുഷ്യജീവിതത്തില്‍ സൃഷ്ടിച്ച പുരോഗതിയില്‍ അഭിമാനം കൊള്ളുമ്പോള്‍ അവയുടെ ദുരുപയോഗം വിതച്ചുകൊണ്ടിരിക്കുന്ന നാശങ്ങള്‍ നാം കാണാതെ പോകുന്നു.
മൊബൈല്‍ഫോണും, കമ്പ്യൂട്ടറും, ഇന്‍റര്‍നെറ്റും, ടാബ്ലറ്റുമൊക്കെ വിജ്ഞാനത്തിന്റെ വ്യാപനത്തിലും, ആശയ വിനിമയത്തിലെ ദൂരപരിധികള്‍ കറക്കുന്നതിലും വഹിച്ച പങ്ക് അംഗീകരിക്കുമ്പോള്‍ തന്നെ ഇവ സൃഷ്ടിക്കുന്ന വിപത്തുകള്‍ വിസ്മരിക്കാവതല്ല. സാംസ്കാരിക ജീര്‍ണതകളുടെ രൂക്ഷതയിലും, വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളിലും, ബന്ധങ്ങളുടെ ശിഥിലീകരണത്തിലും, ഇവയുടെ പങ്ക് അനിഷേധ്യമാണ്.
മനഃശാസ്ത്രജ്ഞന്മാരും കൗണ്‍സിലിംഗ് നടത്തുന്നവരും കൈകാര്യം ചെയ്യുന്ന കേസുകളില്‍ തൊണ്ണൂറു ശതമാനവും സൈബറുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ഇത്തരം വസ്തുക്കള്‍ അത്യാവശ്യമെങ്കില്‍ മാത്രം മക്കള്‍ക്ക് നല്‍കുകയും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും കമ്പ്യൂട്ടര്‍ വീടിന്റെ പൊതുസ്ഥലത്ത് സ്ഥാപിക്കുകയും ചെയ്യേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമകളില്‍ പ്രധാനമത്രെ!
- പി. എം. ബശീര്‍ സഖാഫി (- By M Malik, July 7, 2015)
No comments:
Post a Comment
നന്ദിയുണ്ട് ട്ടോ! :)